Friday, April 26, 2013

മലയാളിയുടെ ദുര്‍വ്യയ ശീലമാണ്‌ രൂക്ഷമായ ജലക്ഷാമത്തിന്‌ കാരണമെന്ന്‌ ജല സംരക്ഷണകൂട്ടായ്‌മ


അരീക്കോട്‌: ദൗര്‍ലഭ്യമല്ല, ദുര്‍വ്യയം ചെയ്യുന്ന മലയാളിയുടെ ശീലമാണ്‌ കേരളത്തിലെ രൂക്ഷമായ ജലക്ഷാമത്തിന്‌ കാരണമെന്ന്‌ എസ്‌ വൈ എസ്‌ ജലസംരക്ഷണ കൂട്ടായ്‌മ അഭിപ്രായപ്പെട്ടു. ആറ്‌ മാസം മഴയും ആറു മാസം നീരൊഴുക്കുമുള്ള കേരളത്തില്‍ മഴ കുറഞ്ഞാല്‍ പോലും ജലക്ഷാമം അനുഭവപ്പെടേണ്ടതില്ല.



#
ഒരു കാലത്തും 3000 മി.ലിറ്ററില്‍ കുറവ്‌ മഴ കേരളത്തിലുണ്ടായിട്ടില്ല. ഏറ്റവും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഈ വര്‍ഷം പോലും 3300 മി.ലിറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്‌. സമൃദ്ധമായ ജലസമ്പത്ത്‌ യുക്തി സഹമായി വിനിയോഗിക്കുന്നതില്‍
മലയാളിക്കു പറ്റിയ വീഴ്‌ചയാണ്‌ ഇത്തരമൊരു പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചത്‌. മരങ്ങളും കാടുകളും ജലാശയങ്ങളും ഉള്‍പ്പെടെ മുഴുവന്‍ പ്രകൃതി വിഭവങ്ങളും ജീവജാലങ്ങളും അല്ലാഹു സംവിധാനിച്ചത്‌ മനുഷ്യനു വേണ്ടിയാണെന്നും എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഇവയൊന്നും ഉപയോഗിക്കാന്‍ മനുഷ്യന്‌ അര്‍ഹതയില്ലെന്നും അധ്യക്ഷ പ്രസംഗത്തില്‍ കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി അവതരിപ്പിച്ച വീക്ഷണത്തോട്‌ എല്ലാവരും യോജിച്ചു.
ആവശ്യത്തില്‍ കൂടുതല്‍ വെള്ളമുപയോഗിക്കുന്നത്‌ അന്യന്റെ അവകാശം കവര്‍ന്നെടുക്കലാണെന്നായിരുന്നു ഒരേ ഭൂമി ഒരേ ജീവന്‍ എന്ന സംഘടനയുടെ സംസ്ഥാന നേതാവ്‌ പികെ ധര്‍മ്മരാജന്റെ വീക്ഷണം.
മലയാളിയുടെ സുഖലോലുപതയാണ്‌ പ്രതിസന്ധി മറികടക്കുന്നതില്‍ തടസ്സമെന്നായിരുന്നു യൂത്ത്‌ലീഗ്‌ നേതാവ്‌ അന്‍വര്‍ മുള്ളമ്പാറയുടെ വീക്ഷണം. ജലസംരക്ഷണ വിഷയത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക്‌ വ്യത്യസ്‌താഭിപ്രായമില്ലെന്നും എന്നാല്‍ ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിനു മാത്രമേ ഇപ്പോഴത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ കഴിയൂ എന്നുമായിരുന്നു കെ പി സിസി സെക്രട്ടറി വി എ കരീമിന്റെ അഭിപ്രായം. ജലം അമൂല്യമാണ്‌ കുടിക്കുക പാഴാക്കരുത്‌ എന്ന ശീര്‍ഷകത്തില്‍ എസ്‌ വൈഎസ്‌ നത്തി വരുന്ന ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ചാലിയാര്‍ തീരത്ത്‌ സംഘടിപ്പിച്ച ജല സംരക്ഷണ കൂട്ടായ്‌മയില്‍ സംസാരിക്കവെയാണ്‌ മൂവരും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്‌. അമൂല്യമായ ജലം സംരക്ഷിക്കല്‍ വ്യക്തിപരവും സാമൂഹ്യവുമായ ബാധ്യതയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ജലസംരക്ഷണം ഓരോരുത്തരും സ്വന്തം കര്‍ത്തവ്യമായി ഏറ്റെടുക്കുമെന്ന്‌ നെഞ്ചത്തു കൈവച്ച്‌ പ്രതിജ്‌ഞ ചെയ്‌ത ശേഷമാണ്‌ കൂട്ടായ്‌മക്കെത്തിയവര്‍ പിരിഞ്ഞത്‌.

No comments:

Post a Comment